Kerala
കാസര്ഗോഡ്: മുഖ്യമന്ത്രി സ്ഥാനത്തേക്കു കെ.സി.വേണുഗോപാലിനെ പിന്തുണച്ചതോടെ നിയുക്ത എംഎല്എ സന്ദീപ് വാര്യരോട് ഇടഞ്ഞ് തൃക്കരിപ്പൂരിലെ യുഡിഎഫ് നേതൃത്വം.
തൃക്കരിപ്പൂര് മണ്ഡലത്തിലെ അഞ്ചു തദ്ദേശസ്ഥാപനങ്ങളില് നടത്താനിരുന്ന റോഡ് ഷോകള് റദ്ദാക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടായിരുന്ന വാട്സാപ്പ് ഗ്രൂപ്പ് പിരിച്ചുവിടുകയും ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പില് ചരിത്രവിജയം നേടിയതിനു പിന്നാലെ തൃക്കരിപ്പൂര്, പടന്ന, വലിയപറമ്പ തുടങ്ങിയ തീരദേശ പഞ്ചായത്തുകളില് വമ്പിച്ച റോഡ് ഷോയാണു യുഡിഎഫ് നേതൃത്വം നടത്തിയത്.
കെസിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ യുഡിഎഫ് തൃക്കരിപ്പൂര് എന്ന വാട്സാപ്പ് ഗ്രൂപ്പില് നേതാക്കന്മാരുടെയും പ്രവര്ത്തകരുടെയും ഭാഗത്തുനിന്നു രൂക്ഷവിമര്ശനമാണ് സന്ദീപ് ഏറ്റുവാങ്ങിയത്. വ്യക്തിതാത്പര്യത്തിനൊപ്പമല്ല, ജയിപ്പിച്ചുവിട്ട പ്രവര്ത്തകരുടെ താത്പര്യത്തിനൊപ്പമാണ് സന്ദീപ് നില്ക്കേണ്ടതെന്നായിരുന്നു പ്രധാന ആവശ്യം. സംഗതി കൈവിട്ടുപോകുമെന്ന് മനസിലായതോടെ അഡ്മിന് ഗ്രൂപ്പ് പിരിച്ചുവിട്ടു.
നീലേശ്വരം നഗരസഭയിലും ചെറുവത്തൂര്, കയ്യൂര്-ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലും റോഡ് ഷോകള് നടത്തേണ്ടതില്ലെന്നാണു നിലവില് തീരുമാനിച്ചിരിക്കുന്നതെന്നു മുതിര്ന്ന യുഡിഎഫ് നേതാവ് അറിയിച്ചു. ഡല്ഹിക്കു പോയ സന്ദീപ് ഇന്നു മണ്ഡലത്തില് തിരിച്ചെത്തുമെന്നാണു സൂചന.
സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ തൃക്കരിപ്പൂരില് പാര്ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി.പി. മുസ്തഫയെ 4,431 വോട്ടുകള്ക്കാണ് കോണ്ഗ്രസ് സ്ഥാനാര്ഥി സന്ദീപ് മലര്ത്തിയടിച്ചത്. തൃക്കരിപ്പൂര് മണ്ഡലത്തിന്റെ ചരിത്രത്തില് ആദ്യമായാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന്റെ വോട്ട് വിഹിതം 11.22 ശതമാനം വര്ധിച്ച് 48.63 ശതമാനമായി ഉയരുകയും എല്ഡിഎഫിന്റെ വോട്ട് വിഹിതം 7.67 ശതമാനം കുറഞ്ഞ് 46 ശതമാനം ആയി ഇടിയുകയും ചെയ്തു.
Business
കൊച്ചി: ആമസോൺ ഇന്ത്യ, നെറ്റാഫിം എന്നിവയുടെ പങ്കാളിത്തത്തോടെ വിവിധ നഗരങ്ങളിൽ പുതിയ ജലസംരക്ഷണ ഡ്രിപ്പ് ഇറിഗേഷൻ പദ്ധതികൾ ആരംഭിച്ചു.
വർഷത്തിൽ 325 ദശലക്ഷം ലിറ്ററിൽ കൂടുതൽ വെള്ളം സംരക്ഷിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലാണു പദ്ധതി ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു.
District News
മുത്തോലി: ചെറുവാഹനങ്ങള്ക്കു മാത്രം സഞ്ചരിക്കാന് സാഹചര്യമുണ്ടായിരുന്ന മുത്തോലി പഞ്ചായത്തിലെ പിഎച്ച്സി-മക്കുതറ റോഡ് (മുത്തോലി സെന്റ് ജോർജ് പള്ളി റോഡ്) സ്മാര്ട്ടായി. മൂന്നു മീറ്റര് മാത്രം വീതിയുണ്ടായിരുന്ന ഈ റോഡ് മുത്തോലി പള്ളി വികാരി ഫാ. കുര്യന് വരിക്കമാക്കലിന്റെ നേതൃത്വത്തില് ഇടവക സമൂഹത്തിന്റെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ നടത്തിയ പ്രവര്ത്തനങ്ങളിലൂടെ മൂന്നുമീറ്റര് വീതി എന്നുള്ളത് ആറ് മീറ്ററാക്കുന്നതിനും മുത്തോലി പള്ളിവക സ്ഥലങ്ങളില് എട്ടു മീറ്റര് വീതിയാക്കുന്നതിനും സാധിച്ചു.
17 സ്ഥലമുടമകള് സൗജന്യമായി ഒരേക്കര് സ്ഥലം വിട്ടുനൽകിയപ്പോള് കയ്യാലകളും മതിലുകളും തീര്ക്കുന്നതിനും റോഡ് വീതിയെടുക്കുന്നതിനുമായി 12 ലക്ഷം രൂപയോളം ഇടവകസമൂഹത്തില്നിന്നു സമാഹരിക്കുന്നതിന് സാധിച്ചു.
ജില്ലാ പഞ്ചായത്ത് മെംബര് ജോസ്മോന് മുണ്ടയ്ക്കല് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ പ്രവര്ത്തനങ്ങളിലൂടെയാണ് റോഡ് സ്മാര്ട്ടായത്. ആറു മീറ്റര് വീതിയിലാണ് റോഡിന്റെ ടാറിംഗ് നടത്തിയത്. എട്ടു മീറ്റര് വീതിയുള്ള ഭാഗത്ത് ആറു മീറ്റര് ടാറിംഗും രണ്ടുവശത്തേക്കും ഓരോ മീറ്റര് കോണ്ക്രീറ്റിംഗും നടത്തി പൂര്ണമായും ഉപയോഗപ്രദമാക്കി.
പുനര്നിര്മിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബര് ജോസ്മോന് മുണ്ടയ്ക്കല് നിര്വഹിച്ചു. മുത്തോലി സെന്റ് ജോര്ജ് പള്ളി വികാരി ഫാ. കുര്യന് വരിക്കമാക്കല് അധ്യക്ഷത വഹിച്ചു.
തോമസ് പുന്നത്താനത്ത്, പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോയി, ബ്ലോക്ക് പഞ്ചായത്ത് മെംബര് ഹരിദാസ് അടമത്തറ, പഞ്ചായത്ത് മെംബര് ജാന്സി ജോസ് നരിക്കാട്ട്, മുന് പഞ്ചായത്ത് മെംബര്മാരായ റെജി തലക്കുളം, ജോയി കുന്നപ്പള്ളി, ബാങ്ക് ബോര്ഡ് മെംബര്മാരായ ജേക്കബ് മഠത്തില്, ജോസ് നരിക്കാട്ട്, ട്രസ്റ്റിമാരായ റോമി ഞാറ്റുകാലകുന്നേല്, ബേബി ഐക്കര, നിര്മാണക്കമ്മിറ്റിയംഗങ്ങളായ ബേബിച്ചന് വാതല്ലൂര്, എന്.ജെ. പൗലോസ് ഞാറ്റുകാലാകുന്നേല്, തോമസുകുട്ടി പൊയ്കക്കല്, ജോയി മണ്ഡപത്ത് എന്നിവര് പ്രസംഗിച്ചു.
Business
കൊച്ചി: കാര്ഷിക മാലിന്യത്തില്നിന്ന് നൂതന പാക്കേജിംഗ് വസ്തുക്കള് വികസിപ്പിക്കുന്നതിനായി ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂര്ക്കിയുമായി ആമസോണ് സഹകരിക്കുന്നു.
പേപ്പര് ഉണ്ടാക്കാന് മരത്തടി നാരുകള് ഉപയോഗിക്കുന്നത് കുറയ്ക്കുകയും മരത്തടി ഇതര കടലാസ് സാങ്കേതികവിദ്യ സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥ് മുനിസിപ്പാലിറ്റിയിൽ ഭരണം പിടിക്കാൻ കോൺഗ്രസും ബിജെപിയും കൈകോർക്കുന്നു. ‘കോൺഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യം ദേശീയതലത്തിൽ വർഷങ്ങളായി ഉയർത്തുന്ന ബിജെപിയാണ് അംബർനാഥിൽ അധികാരം പിടിച്ചെടുക്കാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത്.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന വിഭാഗത്തെ ഭരണത്തിൽനിന്ന് മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സഖ്യം രൂപീകരിച്ചത്. എന്നാൽ ഈ നീക്കത്തെ മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞു. പാർട്ടി അച്ചടക്കം ലംഘിച്ചതിന് അംബർനാഥ് ബ്ലോക്ക് പ്രസിഡന്റ് പ്രദീപ് പാട്ടീലിനെയും തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് കോർപ്പറേറ്റർമാരെയും പാർട്ടിയിൽനിന്ന് പുറത്താക്കി.
ബിജെപി, കോൺഗ്രസ്, എൻസിപി (അജിത് പവാർ വിഭാഗം) എന്നിവർ ചേർന്നാണ് ‘അംബർനാഥ് വികാസ് അഘാഡി" എന്ന പേരിൽ സഖ്യം രൂപീകരിച്ചത്. 14 ബിജെപി കൗൺസിലർമാർ, 12 കോൺഗ്രസ് കൗൺസിലർമാർ, അജിത് പവാർ പക്ഷത്തെ നാല് എൻസിപി കൗൺസിലർമാർ, ഒരു സ്വതന്ത്രൻ എന്നിവരാണ് സഖ്യത്തിലുള്ളത്.
മുനിസിപ്പൽ പ്രസിഡന്റ് സ്ഥാനവും കൂടി ചേർന്നതോടെ സഖ്യത്തിന്റെ അംഗബലം 32 ആയി ഉയർന്നു. ഇതോടെ ബിജെപിക്ക് കൗൺസിലിൽ സുരക്ഷിതമായ ഭൂരിപക്ഷം ലഭിച്ചു. സഖ്യത്തിന്റെ പിന്തുണയോടെ ബിജെപി നേതാവ് തേജശ്രീ കരംജുലെ അംബർനാഥ് മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റായി (മേയർ) തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Business
തിരുവനന്തപുരം: എഐ അധിഷ്ഠിത സാങ്കേതിക വിദ്യ, ഡിസൈൻ, എൻജിനിയറിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ള ആഗോള ഡിജിറ്റൽ പരിവർത്തന കന്പനിയായ യുഎസ്ടിയുമായി പ്രമുഖ വാഹന നിർമാതാക്കളായ ഔഡി ഗ്രൂപ്പ് പങ്കാളിത്തത്തിൽ ഏർപ്പെട്ടു.
ഔഡി ഗ്രൂപ്പിന്റെ ഭാഗമായ ലംബോർഗിനിയുടെ സഹസ്ഥാപനമായ ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കിക്കൊണ്ടുള്ള കരാറിൽ യുഎസ്ടി ഒപ്പുവച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഇറ്റാൽഡിസൈനിന്റെ തന്ത്രപരമായ പങ്കാളിയായും കന്പനിയുടെ സുപ്രധാന ഉപഭോക്താവായും ഔഡി തുടരും.
ഇറ്റാൽഡിസൈനിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിലൂടെ യുഎസ്ടിയുടെ ഓട്ടോമോട്ടീവ് എൻജിനിയറിംഗ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, സോഫ്റ്റ്വേർ അധിഷ്ഠിത വാഹന വികസന സങ്കേതങ്ങൾ, ഡിജിറ്റൽ ആവാസവ്യവസ്ഥ, ഡിസൈൻ എന്നിവയിലെ വൈദഗ്ധ്യവും വാഹന രൂപകൽപന, എൻജിനിയറിംഗ്, പ്രോട്ടോടൈപ്പിംഗ്, ചെറുകിട സീരീസുകളുടെ ഉത്പാദനം, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് എന്നിവയിൽ ഇറ്റാൽഡിസൈനിന്റെ മികവും സംയോജിപ്പിക്കുന്ന ശക്തമായ ഒരു പങ്കാളിത്തമാണ് ഈ കരാറിലൂടെ സാധ്യമാകുന്നത്.
മുപ്പതിലധികം രാജ്യങ്ങളിലെ ആഗോള സാന്നിധ്യം വിപുലീകരിക്കാൻ ഇറ്റാൽഡിസൈനിനുമായുള്ള പങ്കാളിത്തം യുഎസ്ടിയെ പ്രാപ്തമാക്കും. യുഎസ്ടിയും ഔഡി ഗ്രൂപ്പും നിക്ഷേപമൂല്യമോ മറ്റു കരാർ വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.